Spread the love

മഴക്കാലപൂർവ്വ ശുചീകരണ പദ്ധതിയുടെ ഭാഗമായി മുഖത്തല 12-ാം വാർഡിൽ മെഗാ ക്ലീൻ ഡ്രൈവ് സംഘടിപ്പിച്ചു. വാർഡിലെ പൊതുസ്ഥലങ്ങൾ, റോഡരികുകൾ, ഓടകൾ, ജലനിർഗമന മാർഗങ്ങൾ എന്നിവ ശുചീകരിച്ച് മഴക്കാലത്ത് ഉണ്ടാകാനിടയുള്ള ആരോഗ്യ-പരിസ്ഥിതി പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനാണ് പ്രവർത്തനങ്ങൾ നടത്തിയത്.

പഞ്ചായത്ത് മെമ്പർ അശ്വതിയുടെ നേതൃത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ ജനപ്രതിനിധികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമസേനാംഗങ്ങൾ, സന്നദ്ധപ്രവർത്തകർ, പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു. ശുചിത്വവും പൊതുജനാരോഗ്യവും ഉറപ്പാക്കുന്നതിനുള്ള കൂട്ടായ പരിശ്രമമായിരുന്നു പരിപാടി.

മാലിന്യമുക്തവും സുരക്ഷിതവുമായ പരിസരം സൃഷ്ടിക്കുന്നതിനായി എല്ലാവരും സഹകരിക്കണമെന്നും, മഴക്കാല രോഗങ്ങൾ പ്രതിരോധിക്കുന്നതിൽ ശുചിത്വത്തിന് വലിയ പങ്കുണ്ടെന്നും മെമ്പർ അശ്വതി എസ്. അഭിപ്രായപ്പെട്ടു. വാർഡിനെ കൂടുതൽ ശുചിത്വപൂർണമാക്കുന്നതിനുള്ള തുടർ പ്രവർത്തനങ്ങളും നടപ്പിലാക്കുമെന്ന് അറിയിച്ചു.